അബുദാബിയിലെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റ് കമ്മീഷന് ചെയ്യാനുളള അനുമതിയുമായി ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ.. 60 വര്‍ഷത്തെ പ്രവർത്തന ലൈസൻസാണ് പ്ളാന്റിലെ മൂന്നാമത് യൂണിറ്റിന് നല്‍കിയിരിക്കുന്നത്. അതേസമയം നാലാം യൂണിറ്റിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
യുഎഇക്ക് ഇത് മറ്റൊരു ചരിത്ര നിമിഷമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ യുഎഇയില്‍ നിന്നുള്ള സ്ഥിരം പ്രതിനിധിയും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ബോർഡ് ഓഫ് മാനേജ്മെന്റ് ഡെപ്യൂട്ടി ചെയർമാനുമായ അംബാസഡർ ഹമദ് അല്‍ കാബി വ്യക്തമാക്കി. സമാധാന ആവശ്യങ്ങൾക്കായി ആണവോർജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമെന്ന ഖ്യാതിയും യുഎഇക്കാണ്. ഒരുപതിറ്റാണ്ടിലധികം നീണ്ട പ്രവര്‍ത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചതെന്നും ഹമദ് അല്‍ കാബി പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് ബറാക്ക ആണവോര്‍ജ പ്ലാന്റിലെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 2021 മാർച്ചില്‍ രണ്ടാം യൂണിറ്റിനും പ്രവര്‍ത്തന അനുമതി ലഭിച്ചു. ഇതോടെ ബറാക്ക ആണവോര്‍ജ നിലയത്തിന്റെ ആകെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായെന്നും അധികൃതര്‍ സൂചിപ്പിച്ചു.
സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷമാണ് പുതിയ യൂണിറ്റിന് അംഗീകാരം നല്‍കിയത്. റിയാക്ടർ ഡിസൈനും കൂളിംഗ് സംവിധാനങ്ങളും പരിശോധിച്ചു. റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണവും വിലയിരുത്തി. ഇതിനകം 120-ലധികം പരിശോധനകളും നടത്തിയിരുന്നു.