ആലപ്പുഴ സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പാർട്ടി അംഗമായ വനിതയാണ് പരാതി നൽകിയത്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന് ‘ പറഞ്ഞതായി പരാതിയിൽ സ്ത്രീ ആരോപിക്കുന്നു. ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.
എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്. പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് മടക്കി അയച്ചുവെന്നുമാണ് പരാതി.
ആലപ്പുഴയിലെ 2 ഏരിയാ കമ്മിറ്റികൾ പിരിച്ചു വിട്ടശേഷം അഡ്ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ലൈംഗിക അധിക്ഷേപ പരാതി കൂടി പാർട്ടിയിൽ വീണ്ടും പുകയുന്നത്.