തനിക്കെതിരെ ഉയർന്നു വരുന്ന സോഷ്യൽ മീഡിയ ട്രോളിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ വിനീത് ശ്രീനിവാസൻ. ചെന്നൈ സൂപ്പർ സ്റ്റാർ എന്നാണ് ആളുകൾ തന്നെ വിളിക്കുന്നതെന്നും തന്റെ സിനിമകൾക്ക് ചെന്നൈ പശ്ചാത്തലമുള്ളതുകൊണ്ടാണ് ഇത്തരം ട്രോളുകളെന്നും അടുത്തിടെ നിൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.
‘ ജീവിതത്തിൽ സൂപ്പർസ്റ്റാറെന്ന് ആരും വിളിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല. തന്റെ സിനിമകൾക്ക് ചെന്നൈ പശ്ചാത്തലമുള്ളതുകൊണ്ട് സംഭവിച്ചതാണ് ഇത്. ടൊവിനോയ്ക്ക് മാക്സിമം പ്രളയം സ്റ്റാർ എന്ന പേരേ കിട്ടിയിട്ടുള്ളൂ. എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാണ് വിളിക്കുന്നത്. ദിവ്യ ഇതൊക്കെ കേട്ടിട്ട് വലിയ ചിരിയായിരുന്നു. ഇപ്പോൾ പാൻ ഇന്ത്യൻ ചെന്നൈ സ്റ്റാർ, ചെന്നൈ സൂപ്പർ സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് അവളോട് പറയും’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
കുറുക്കനാണ് വിനീതിന്റേതായി റിലീസിനെത്തുന്ന ചിത്രം. ശ്രീനിവാസനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജൂലൈ 27നാണ് കുറുക്കൻ തിയറ്ററുകളിൽ റിലീസിനെത്തുന്നത്. ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സുധീർ കരമന, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, അഞ്ജലി സത്യനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. മനോജ് റാം സിങ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.