ട്വിറ്ററിനെ റീബ്രാന്റ് ചെയ്യാനൊരുങ്ങി ട്വിറ്റർ ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. അതിന്റെ മുന്നോടിയായി ട്വിറ്ററിന്റെ നിലവിലെ ലോഗോയായ നീല പക്ഷിയെ മാറ്റി പകരം എക്സ് എന്ന ചിഹ്നം നൽകുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനുണ്ടാകുക എന്നും അദ്ദേഹം അറിയിച്ചു.
‘താമസിയാതെ ഞങ്ങൾ ട്വിറ്റർ ബ്രാന്റിനോട് വിടപറയും, പതിയെ എല്ലാ പക്ഷികളോടും’ എന്നാണ് ട്വിറ്ററിന്റെ ബ്രാൻ്റ് മാറ്റത്തെക്കുറിച്ച് മസ്ക് ട്വിറ്ററിൽ കുറിച്ചത്. ട്വിറ്ററിന്റെ ലോഗോ എങ്ങനെ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന കുറിപ്പോടെ മുമ്പ് ‘എക്സ്’ എന്ന ലോഗോയും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഏറെ നാളായി മസ്ക് പരിഗണിക്കുന്ന ലോഗോയാണ് എക്സ് എന്നും അതാണ് ഇപ്പോൾ ട്വിറ്ററിന് നൽകുന്നതെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഞങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഈ നീല നിറമുള്ള പക്ഷിയെന്നും അതിനെ ഏത് മാർഗത്തിലൂടെയും സംരക്ഷിക്കുമെന്നും ട്വിറ്റർ വെബ്സൈറ്റ് അറിയിച്ചു.