ഇലക്ട്രോണിക് ചിപ്പുകൾ ഉൾപ്പെട്ട മേഖലയിൽ പൊലീസ് അന്വേഷണം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം നായ്ക്കളെ സജ്ജരാക്കി റാസൽഖൈമ ആഭ്യന്തര മന്ത്രാലയം. കാന്തിക ഇലക്ട്രോണിക് ചിപ്പുകൾ കൃത്യതയോടെ കണ്ടെത്തുന്നതിന് സുരക്ഷ പരിശോധന വിഭാഗമായ കെ 9 (ഡോഗ് യൂനിറ്റ്) ആണ് ഒരു കൂട്ടം നായ്ക്കളെ പരിശീലിപ്പിച്ചത്. സുരക്ഷ പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന നീണ്ട പരിശീലനത്തിനൊടുവിലാണ് നേട്ടം കൈവരിച്ചതെന്ന് റാക് പൊലീസ് റിസോഴ്സ് ആന്റ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ ജമാൽ അഹമ്മദ് അൽ തയ്ർ പറഞ്ഞു.
ഇലക്ട്രോണിക് ചിപ്പുകൾ അടക്കമുള്ള മേഖലകളിൽ പൊലീസ് അന്വേഷണ സംഘം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇത് മറികടക്കുന്നതിനുള്ള ശ്രമങ്ങളാണ് നായ്ക്കളുടെ വിജയകരമായ പരിശീലനത്തിൽ കലാശിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ലാബ്രഡോർ ഇനത്തിലുള്ള നായ്ക്കൾക്കാണ് പരിശീലനം നൽകിയത്.
കൃത്യതയിലും കാര്യക്ഷമതയിലും മികച്ച വേഗതയിലും കാന്തിക ഇലക്ട്രോണിക് ചിപ്പുകൾ കണ്ടെത്താനുള്ള നായ്ക്കളുടെ കഴിവ് കര, കടൽ, വ്യോമ മേഖലകളിൽ ഉപയോഗപ്പെടുത്താനും കുറ്റവാളികളെ പിടികൂടാനും സഹായിക്കും. നിരവധി വികസിത രാജ്യങ്ങളിൽ ഇലക്ട്രോണിക് ചിപ്പുകൾ കണ്ടെത്തുന്നതിൽ നായ്ക്കളുടെ സേവനം ഉപയോഗിച്ച് വരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.