മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മോശം പരാമർശത്തിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. ഉമ്മൻ ചാണ്ടിക്കെതിരായ മോശം പരാമർശത്തിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വിനായകന്റെ കലൂരിലെ ഫ്ലാറ്റിൽ എത്തിയാണ് നോർത്ത് പൊലീസ് ചോദ്യം ചെയ്തത്.
ഉമ്മൻ ചാണ്ടിക്കെതിരെ മോശം പരാമർശം നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. പെട്ടെന്നുള്ള പ്രകോപനത്തിലാണ് എഫ്ബി ലൈവ് ഇട്ടതെന്ന് വിനായകൻ മറുപടി നൽകിയതായാണ് റിപ്പോർട്ടുകൾ. കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ, തന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നൽകിയ പരാതി പിൻവലിക്കുമെന്ന് വിനായകൻ വ്യക്തമാക്കി. മോശം പരാമർശവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് കൊണ്ട് താനും പരാതി പിൻവലിക്കുന്നുവെന്നാണ് വിനായകൻ പറഞ്ഞത്. കഴിഞ്ഞദിവസം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വിനായകനെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിരുന്നു.