ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന്റെ ചരിത്രം വിശദീകരിക്കുന്ന പ്രദർശനത്തിന് മസ്കത്തിൽ തുടക്കമായി. ‘ഒമാൻ എയർ: എ ലെഗസി ഇൻ ദി സ്കൈസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മസ്കത്തിലെ സ്റ്റാൽ ഗാലറിയിൽ ആണ് നടക്കുന്നത്. ഒമാന്റെ പ്രശസ്തമായ വ്യോമയാന ഭൂതകാലത്തെ ജീവസ്സുറ്റതാക്കുകയും ആഗോളതലത്തിൽ ഒമാൻ എയറിനെ രൂപപ്പെടുത്തിയ പ്രധാന നാഴികക്കല്ലുകൾ വിവരിക്കുകയുമാണ് ഈ പ്രദർശനത്തിലൂടെ ഉദ്ദേശിക്കുന്നത്.
അത്യാധുനിക മൾട്ടിമീഡിയ-സാങ്കേതിക വിദ്യയോടെ ഒരുക്കിയ ചരിത്ര പ്രദർശനം പുത്തൻ കാഴ്ചാനുഭവമാണ് കാണികൾക്ക് പകരുന്നത്. സുൽത്താൻ തൈമൂർ ബിൻ ഫൈസലിന്റെ ഭരണകാലം മുതൽ ഇന്നുവരെയുള്ള ഒമാൻ എയറിന്റെ ചരിത്ര യാത്ര സന്ദർശകർക്ക് പുതിയ അനുഭവമാണ് നൽകുന്നത്. അതേസമയം ഈ വർഷമാദ്യം 30ാം വാർഷികം ആഘോഷിച്ച ഒമാൻ എയർ ‘സ്കൈട്രാക്സ് 2023’ വേൾഡ് എയർലൈൻ അവാർഡിൽ മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ സ്റ്റാഫിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.