കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതിയ പദ്ധതി അവതരിപ്പിച്ച് അബുദാബി. അഞ്ച് വർഷത്തിനകം കാർബൺ പുറന്തള്ളുന്നത് 22 ശതമാനം കുറക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അന്തരീക്ഷ താപനിലയുടെ ശരാശരി വർധന 1.5 ഡിഗ്രി സെൽഷ്യസിനും രണ്ട് ഡിഗ്രി സെൽഷ്യസിനും ഇടയിൽ നിലനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് അബുദാബിയിലെ കാലാവസ്ഥ ഏജൻസി അറിയിച്ചു.
കാർബൺ പുറന്തള്ളുന്നത് 22 ശതമാനം കുറക്കുന്നതിനായി 81 സംരംഭങ്ങളും 12 പ്രധാന പദ്ധതികളും ഏജൻസി നടപ്പിലാക്കും. എമിറേറ്റിന്റെ കാലാവസ്ഥ പ്രതിരോധം, പാരിസ്ഥിതികമായി കൂടുതൽ ശക്തിപ്രാപിക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രവർത്തനങ്ങൾക്ക് പിന്നിൽ. അടിസ്ഥാന സൗകര്യ വികസനം, ഊർജം, പരിസ്ഥിതി, ആരോഗ്യം എന്നീ സുപ്രധാന മേഖലകളിൽ വ്യവസായം തുടരുക മാത്രമല്ല, പരിസ്ഥിതിയുമായി ബന്ധപ്പെട്ട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനും വളരെ പ്രാധാന്യം നൽകുന്നുണ്ട് അബുദാബി.