53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള് പ്രഖ്യാപിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തും. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്.
മികച്ച നടനായുള്ള പുരസ്കാരത്തിന് ഇത്തവണ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ് പ്രധാന പോരാട്ടം. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനമാണ് മമ്മൂട്ടിക്ക് മുൻഗണന നൽകുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കള്ളന്റെ നീതിക്കായുള്ള പോരാട്ടത്തെ തനിമയോടെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും തമ്മിലാണ് ശക്തമായ മത്സരം നടക്കുക.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക, നവാഗത സംവിധായിക രത്തീനയുടെ ചിത്രം പുഴു, അലൻസിയർ പ്രധാന വേഷത്തിലെത്തിയ അപ്പൻ, ടൊവിനോ തോമസ് നായകനാകുന്ന അദൃശ്യ ജാലകങ്ങൾ, ജയ ജയ ജയ ഹേ, റോഷാക്ക് അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ മാറ്റുരയ്ക്കുക.