മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഇതര സമുദായക്കാരായവർ സംഘം ചേർന്ന് നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാൻ ട്വിറ്ററിനോടും മറ്റ് സാമൂഹിക മാധ്യമങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിലായതായി പോലീസ് അറിയിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
രണ്ടര മാസം മുമ്പ് നടന്ന നീചമായ സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളിൽ പ്രധാനിയായ ഹെർദാസ് (32) എന്നയാളെ പൊലീസ് പിടികൂടിയത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി വഴിയിലൂടെ നടത്തിക്കുകയും പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എൽ.എഫ്. ആരോപിച്ചിരുന്നു. ആക്രമിച്ചത് മെയ്തികളാണെന്നും കുക്കി സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവർ പറഞ്ഞു.
സംഭവത്തിൽ തട്ടിക്കൊണ്ട് പോകൽ, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നതെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു. സംഭവം വിവാദമായതോടെ മണിപ്പൂരിൽ കലാപം കൂടുതൽ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിവാദമായ വീഡിയോ സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.