അമേരിക്കയിലെ യോസെമൈറ്റ് നാഷണൽ പാർക്കിലൂടെ ദുബായ് രാജകുടുംബം നടത്തിയ യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദുബായിയുടെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എട്ട് മണിക്കൂർ നീണ്ട യാത്രയിൽ ഏകദേശം 34.5 കിലോമീറ്റർ താണ്ടിയതായും പ്രകൃതിക്കുള്ളിലേക്ക് ഇറങ്ങിച്ചെന്നതായുമാണ് ഷെയ്ഖ് ഹംദാൻ വിവരിക്കുന്നത്.
ഷെയ്ഖ് ഹംദാനോടൊപ്പം ദുബായ് രാജകുടുംബത്തിലെ അംഗങ്ങളും സാഹസിക യാത്രയിൽ ഉണ്ടായിരുന്നു. യാത്രയിലൂടെ താണ്ടിയ വഴികളുടെ മാപ്പ് വീഡിയോയിലൂടെ അദ്ദേഹം പങ്കിടുന്നുമുണ്ട്. കുത്തനെ കിടക്കുന്ന പാറക്കെട്ടുകൾ കയർ ഉപയോഗിച്ച് സാഹസികമായാണ് സംഘം കയറിയത്. വലിയ കൊടുമുടികൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ, വലിയ മരങ്ങൾ എന്നിങ്ങനെ പ്രകൃതിയുടെ മനോഹാരിത വ്യക്തമാക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. ജലനിരപ്പിൽ നിന്നും 2,962 മീറ്റർ ഉയരത്തിലെത്തിയ ദൃശ്യങ്ങളും പങ്കിടുന്നുണ്ട്.
ദുബായ് രാജകുടുംബം പലപ്പോഴും ഇത്തരം കായിക-സാഹസിക യാത്രകൾ നടത്താറുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാകുകയും ചെയ്തു. ഇത്തരം സാഹസിക യാത്രകൾ മറ്റുള്ളവർക്ക് പ്രചോദനമാണ് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.