മമ്മൂട്ടിയുടെ ആ ‘ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ആശ്വാസം നൽകുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്കൂളില്‍ ജൂലൈ 26 ന് മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടി സ്ഥാപിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ വൈസ് ചെയര്മാന് ഗീവര്‍ഗീസ് യോഹന്നാന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിര്‍ധനരായ കിടപ്പ് രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ക്കും പാലിയേറ്റിവ് സോസൈറ്റിക്കള്‍ക്കുമായി മുപ്പത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിൽ നിന്നും തികച്ചും അര്‍ഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തി എന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്മാന് കെ മുരളീധരന് എസ് എഫ് സി അറിയിച്ചു.
അതേസമയം കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയില്‍ നിര്‍വ്വഹിച്ചിരുന്നു. കൂടാതെ തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കല്‍ ഗ്രാമ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിനുമായി ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള് കൈമാറി ആയിരിക്കും തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം നടക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.