എമിറേറ്റിലെ നാഷണൽ സർവീസ് റിക്രൂട്ട്മെന്റുകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഘൂകരിക്കാൻ റാസൽ ഖൈമ പോലീസ് പുതിയ സംരംഭം പ്രഖ്യാപിച്ചു. ‘വൺ ഡേ ടെസ്റ്റ്’ എന്ന സംരംഭമാണ് പോലീസ് പ്രഖ്യാപിച്ചത്. ഡ്രൈവിംഗ് ലൈസൻസുകളുടെ കൃത്യത, കാര്യക്ഷമത, ഗുണമേന്മ എന്നിവയ്ക്ക് ഉയർന്ന നിലവാരം കൈവരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷാർജയിലും സമാന സംരംഭം പ്രഖ്യാപിച്ചിരുന്നു.
ഈ സംരംഭം അപേക്ഷകർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് ഇടപാട് ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ അനുവദിക്കും. ജൂലൈ 15 തിങ്കളാഴ്ച മുതൽ വർഷാവസാനം വരെ ഇത് തുടരും. എന്നാൽ ദേശീയ സർവീസ് റിക്രൂട്ട്മെന്റുകൾക്ക് മാത്രമേ ഏകദിന ടെസ്റ്റ് സംരംഭം ലഭ്യമാകൂ എന്ന് റാസൽഖൈമ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ കേണൽ സഖർ ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.