ലോകത്തെ വിജ്ഞാനദാഹികൾക്ക് വിളക്കുമാടത്തിലേക്ക് സ്വഗതം. തുറന്നുവെച്ച പുസ്തക ആകൃതിയില്‍ ഏഴ് നിലകളിലായി അറിവിന്റെ കൊട്ടാരം തന്നെ തുറന്നിരിക്കുകയാണ് ദുബായ്. പുതു തലമുറകൾക്ക് സാംസ്കാരികവും ബൗദ്ധികവുമായ ഒരുകേന്ദ്രം കൂടിയെന്ന് യുഎഇ വൈസ് പ്രസഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ്.
വായനയിലൂടെ അറിവ്.. അറിവിലൂടെ പ്രകാശം.. അതാണ് ദുബായ് ഭരണാധികാരി ലക്ഷ്യം വയ്ക്കുന്നത്.. മികച്ച സാമ്പത്തിക ഘടനയ്ക്ക് അറിവ് അനിവാര്യമാണ്.. മികച്ച രാഷ്ട്രീയത്തിന് വിവേകം അനിവാര്യമാണ്.. നമ്മുടെ പാത വികസിപ്പിക്കാനും നമ്മുടെ സത്വവും സംസാകാരവും വേരുകളും ഏകീകരിക്കാനും ഭാവി സൃഷ്ടിക്കാനും ‘വിജ്ഞാനത്തിന്റ വിളക്കുമാടം’ അവസരമൊരുക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.
അറബിയിലും വിദേശഭാഷകളിലുമായി 1.1 ദശലക്ഷം അച്ചടിച്ച പുസ്തകങ്ങൾ, ,ഡിജിറ്റല്‍ രൂപത്തിലുളള പുസ്തക ശേഖരങ്ങളുടെ വിഭാഗ, 60 ലക്ഷത്തിലേറെ പ്രബന്ധങ്ങൾ, 73,000 സംഗീത റെക്കോര്‍ഡുകൾ, 75,000 വീഡിയോകൾ, 13,000 ലേഖനങ്ങൾ, 5,000ല്‍ അധികം ചരിത്ര രേഖകൾ, അഞ്ഞൂറോളം അപൂര്‍വ്വ വസ്തുക്കളും ലോകമെമ്പാടുമുളള പഴയ പത്രങ്ങളും ആധികാരിക രേഖകളും ഉൾപ്പെടുന്ന 325 വര്‍ഷത്തെ പുരാവസ്തു ശേഖരങ്ങൾ തുടങ്ങി അറിവിന്റെ ലോകോത്തര കലവറയും കൗതുകവുമായി മാറുകയാണ് ദുബായില്‍ തുറന്ന ഗ്രന്ധശാല.
രാവിലെ 9മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം. നിലവില്‍ സൗജ്യന്യമായാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ എംബിആര്‍എല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അനുമതി തേടണം. വൈകാതെ വാര്‍ഷിക വരിസംഖ്യയും ഉൾപ്പെടുത്തും. 5,82,000 ചതുരശ്ര അടി വിസ്തീര്ണത്തിലുളള ഏഴുനില കെട്ടിടത്തിന് 10 ശതമാനം വൈദ്യുതി സൗരോര്ജ്ജത്തില്നിന്നാണ് കണ്ടെത്തുന്നത്.
പൊതുവായന, ആനുകാലികങ്ങൾ, പൊതുവിജ്ഞാനം, കുട്ടികൾക്കുളള ഇടം, കല -സാസ്കാരികം, ബിസിനസ്, ചരിത്രം, രേഖകൾ, ഭുപടങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ശേഖരങ്ങൾ ക്രമപ്പെടുത്തിയിട്ടുളളത്. ലോകത്തെ ഗവേഷകരേയും ചരിത്രാന്വേഷികളേയും വിദ്യാര്‍ത്ഥികളേയും ആകര്‍ഷിക്കുന്ന സാംസ്കാരിക കേന്ദ്രമായി ലൈബ്രറി മാറുമെന്നാണ് വിലയിരുത്തല്‍.
ഖുര്‍ ആന്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത തടിത്തട്ടിന് മുകളില്‍ തുറന്നുവെച്ച പുസ്തകം പോലെ ഒരുക്കിയ ഏഴുനിലക്കെട്ടിടം അകത്തും പുറത്തും ആകര്ഷണങ്ങൾ നിറഞ്ഞതാണ്. താളുകൾ മറിയ്ക്കുംപോലെ വായനയുടെ വാതായനങ്ങൾ തുറക്കപ്പെടുകയാണ്. ദുബായ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന മറ്റൊരു വിസ്മയമായവുകയാണ് ‘വിജ്ഞാനത്തിന്റെ വിളക്കുമാടം.’