അഞ്ച് ഘട്ടങ്ങളിലായി എഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന സിറിയൻ സയാമീസ് ഇരട്ടകളിൽ ഒരാൾ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച സൗദിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകളിൽ ഇഹ്സാൻ ആണ് മരിച്ചത്. ശസ്ത്രക്രിയ സംഘം തലവനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ലയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ഇരട്ടകളിൽ മറ്റൊരാളായ ബസാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
ജൂലൈ ആറിനായിരുന്നു സിറിയൻ സയാമീസ് ഇരട്ടകളായ ബസാമിനെയും ഇഹ്സാനെയും ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്. 32 മാസം പ്രായമുള്ള കുട്ടികൾക്ക് 19 കിലോയായിരുന്നു ഭാരമുണ്ടായിരുന്നത്. കുട്ടികളുടെ നെഞ്ചിന്റെ അടിഭാഗവും വയറും കരളും കുടലുകളും ഒട്ടിച്ചേർന്ന നിലയിലായിരുന്നു. ഇഹ്സാന്‍ വൃക്കകളും പ്രത്യുൽപാദന അവയവങ്ങളും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിൽ ജന്മനാ വൈകല്യവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ വളരെ ശ്രമകരമായിരുന്നു. അവയവങ്ങളുടെ കുറവ് മരിച്ച ഇഹ്സാന്റെ ആരോഗ്യ നിലയിൽ നേരത്തെ തന്നെ ആശങ്കയുയർത്തിയിരുന്നു.
സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ശസ്ത്രക്രിയക്കായി സൗദി അയച്ച എയർ ആംബുലൻസിൽ മെയ് 22-ന് തുർക്കിയിൽ നിന്ന് സയാമീസ് ഇരട്ടകളെയും മാതാപിതാക്കളെയും റിയാദിലെത്തിച്ചത്. റിയാദിൽ നാഷണൽ ഗാർഡിന് കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു കുട്ടികളുടെ ശസ്ത്രക്രിയ നടത്തിയത്.