ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചയ്‌ക്ക് 2.35നാണ് മൂന്നാം ചാന്ദ്രദൗത്യം വിക്ഷേപിച്ചത്.
ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. മാത്രവുമല്ല, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കും. ഐഎസ്‌ആർഒ വികസിപ്പിച്ചെടുത്ത ഈ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ഓഗസ്റ്റ് 23ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019ൽ ചന്ദ്രയാൻ-2വിന്റെ ദൗത്യം സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഐഎസ്‌ആർഒ ചന്ദ്രയാൻ-3 വികസിപ്പിച്ചെടുത്തത്. ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്നുള്ളതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.