കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്. സഹലിന്റെ ക്ലബ്ബ് മാറ്റം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നതെന്നാണ് ക്ലബ്ബിന്റെ പ്രതികരണം. മോഹൻബഗാൻ സൂപ്പർ ജയിന്റ്സിലേക്കാണ് താരം ചേക്കേറുന്നത്.
‘വെളിപ്പെടുത്താനാകാത്ത തുകയ്ക്കാണ് സഹലിനെ കൈമാറുന്നത്. സഹലിന് പകരം ഒരു കളിക്കാരനെയും കൈമാറും. ഹൃദയഭാരത്തോടെയാണ് സഹലിന് വിട പറയുന്നത്. മുന്നോട്ടുള്ള യാത്രയിൽ താരത്തിന് നന്മകൾ നേരുന്നു’ എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചത്. 26-കാരനായ സഹൽ 2018ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 92 മത്സരങ്ങൾ കളിച്ച താരം ദേശീയ ടീമിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സഹലുമായി മൂന്നു വർഷത്തെ കരാറാണ് ബഗാൻ ഒപ്പുവച്ചിരിക്കുന്നത്. കൂടാതെ ഇത് പരസ്പര ധാരണയിൽ രണ്ടു വർഷം കൂടി നീട്ടാനുമാകും.
ട്രാൻസ്ഫർ തുകയായി ഒന്നരക്കോടി രൂപയും സഹലിന് പ്രതിഫലമായി രണ്ടരക്കോടി രൂപയുമാണ് ബഗാൻ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സഹലിന് പകരം മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരും. 2025 മെയ് വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നത്.