യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം. ചൂട് കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മറികടക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച ഷാർജയിലാണ് കാമ്പയിൻ ആരംഭിക്കുക. ഷാർജ കുടുംബകാര്യ സുപ്രീം കൗൺസിൽ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
പുറംതൊഴിലാളികളെ ലക്ഷ്യം വെച്ചാണ് ആദ്യഘട്ടത്തിൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്. വേനൽക്കാലം അവസാനിക്കുന്നതുവരെ തുടരുന്ന കാമ്പയിനിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സന്ദർശനവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. എല്ലാ വർഷവും മന്ത്രാലയം സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ 12-ാമത്തെ എഡിഷനാണിത്. ചൂടുകാലത്ത് അനുവർത്തിക്കേണ്ട ജീവിത ശൈലി, ചൂട് മൂലമുണ്ടാകുന്ന അപകട സാധ്യതകൾ, സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിന്റെ ആവശ്യം തുടങ്ങിയവയാണ് കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്.
ഷാർജ സർക്കാറിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആർക്കും കാമ്പയിനിന്റെ ഭാഗമാകാമെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധി മുഹമ്മദ് അൽ സറൂനി പറഞ്ഞു. പദ്ധതി വിജയിപ്പിക്കുന്നതിനായി ഷാർജ പൊലീസ്, പൊതുജനാരോഗ്യകേന്ദ്രം, മുനിസിപ്പാലിറ്റി, ചാരിറ്റി ഇന്റർനാഷണൽ, കോഓപ്പറേറ്റിവ് സൊസൈറ്റി, ബാഡ്കാസ്റ്റിങ് അതോറിറ്റി, എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളും മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കും.