എമിറേറ്റ്സ് എയർലൈനിന്റെ എഞ്ചിനീയറിംഗ് സെന്റർ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എയർലൈനിന്റെ A380യുടെ ക്യാബിൻ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്ത ഷെയ്ഖ് മുഹമ്മദ് എമിറേറ്റിന്റെ ആഗോള നിലവാരം ഉറപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ജീവനക്കാരെ അഭിനന്ദിച്ചു.
A380 ക്യാബിന്റെ ഇന്റീരിയർ പൂർണ്ണമായും നീക്കം ചെയ്ത് എമിറേറ്റ്സിന്റെ ഏറ്റവും പുതിയ പ്രീമിയം ഇക്കണോമി ഉൽപ്പന്നവും ക്യാബിൻ ഇന്റീരിയറുകളും സ്ഥാപിക്കാനാണ് പദ്ധതി. 120 എമിറേറ്റ്സ് വിമാനങ്ങളുടെ ക്യാബിൻ ഇന്റീരിയറുകൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കും. ഓരോ വിമാനത്തിന്റെയും നവീകരണത്തിന് നിലവിൽ ഏകദേശം 21 ദിവസമാണ് അവശ്യമായി വരുന്നത്. ഏവിയേഷനിലെ ഏറ്റവും വലിയ ക്യാബിൻ റിട്രോഫിറ്റ് പ്രോജക്റ്റാണിത്. 2022 നവംബറിൽ പ്രോഗ്രാം ആരംഭിച്ചത് മുതൽ എമിറേറ്റ്സ് എഞ്ചിനീയറിംഗ് സെന്റർ 14 A380 വിമാനങ്ങൾ പൂർണ്ണമായും നവീകരിച്ചു. എമിറേറ്റ്സ് A380-കളുടെ റോൾഔട്ട് പൂർത്തിയാകുന്നതോടെ കൂടുതൽ ആഗോള ഫ്ലൈറ്റുകളിൽ പ്രീമിയം ഇക്കോണമി വിഭാഗത്തിൽ വിന്യസിക്കപ്പെടും.
എയർലൈനിന്റെ അത്യാധുനിക ക്യാബിൻ വർക്ക്ഷോപ്പുകൾ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് എഞ്ചിനീയർമാരുമായും സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സിവിൽ ഏവിയേഷൻ മെയിന്റനൻസ് സെന്ററാണ് എമിറേറ്റ്സ് എഞ്ചിനീയറിംഗ് സെന്റർ. 12 ഹാംഗറുകളിലായി 4,00,000 ചതുരശ്ര മീറ്റർ എഞ്ചിനീയറിംഗ് സൗകര്യമുണ്ട് സെൻ്ററിന്. എമിറേറ്റ്സിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ 5,500-ലധികം ജോലിക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 60ശതമാനം പേരും യുഎഇ പൗരന്മാരും 20ശതമാനം പേർ സ്ത്രീകളുമാണ്.