അബുദാബിയിൽ ഇനി പ്ലാസ്റ്റിക് നൽകി പോയിന്റുകൾ നേടുകയും അതുവഴി സാധനങ്ങൾ വാങ്ങുകയും ചെയ്യാം. പരിസ്ഥിതി മലിനീകരണവും പ്ലാസ്റ്റിക് പുനരുപയോഗവും ലക്ഷ്യം വെച്ച് പ്ലാസ്റ്റിക് കുപ്പി ശേഖരണത്തിന് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. അബുദാബി പരിസ്ഥിതി ഏജൻസിയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വർഷത്തിൽ 2 കോടി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സംസ്കരിക്കുന്നതിനാണ് ഏജൻസി ഇതുവഴി ലക്ഷ്യമിടുന്നത്.
അബുദാബി എയർപോർട്ട്, കോർണിഷ്, കായിക കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിലായി 70 റിവേഴ്സ് വെൻഡിങ് മെഷീനുകളും 26 സ്മാർട്ട് ബിന്നുകളും സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഡ്നോക് ഡിസ്ട്രിബ്യൂഷൻ കമ്പനി, അബുദാബി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അൽദാർ, കാരെഫോ, ചൊയിത്രം, ലുലു, നദീറ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളും ടിന്നുകളും വെൻഡിങ് മെഷീനിൽ നിക്ഷേപിച്ചാൽ നിശ്ചിത പോയിന്റുകൾ നേടാൻ സാധിക്കും. പോയിൻ്റുകൾ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നവരുടെ പേരിൽ രേഖപ്പെടുത്തും. ഒരു കിലോ പ്ലാസ്റ്റിക്കിന് 120 പോയിന്റാണ് ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന പോയിന്റുകൾ ഉപയോഗിച്ച് കാരെഫോ, ദ് ഗിവിങ് മൂവ്മെന്റ്, നൂൺ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാനും സാധിക്കും.