യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന്. വോട്ടെടുപ്പിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. യുഎഇയിൽ 3,98,879 പേർക്കാണ് നിലവിൽ വോട്ടവകാശമുള്ളത്. നാൽപതംഗ സഭയാണ് യുഎഇയുടെ ഫെഡറൽ നാഷണൽ കൗൺസിൽ. അംഗങ്ങളിൽ പകുതി പേരെ തെരഞ്ഞെടുപ്പിലൂടെയും മറ്റുള്ളവരെ എമിറേറ്റ് ഭരണാധികാരികൾ നേരിട്ട് നിയമിക്കുകയുമാണ് ചെയ്യുന്നത്.
ആകെ വോട്ടർമാരിൽ 51 ശതമാനവും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ഓരോ എമിറേറ്റിലെയും വോട്ടർമാരെ തെരഞ്ഞെടുക്കുന്നത് ഭരണാധികാരികളാണ്. കഴിഞ്ഞ തവണത്തേതിനേക്കാൾ 18.1 ശതമാനം വർധനവാണ് ഈ വർഷം വോട്ടർമാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
ഇതിൽ അബുദാബിയിൽ ആണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത്. 1,26,779 പേരാണ് ഇവിടെ വോട്ടുരേഖപ്പെടുത്തുക. ദുബൈയിൽനിന്ന് 73,181, ഷാർജയിൽനിന്ന് 72,946, അജ്മാനിൽനിന്ന് 12,600, ഉമ്മുൽ ഖുവൈനിൽനിന്ന് 7,577, റാസൽഖൈമയിൽ നിന്ന് 62,197, ഫുജൈറയിൽ നിന്ന് 43,559 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ വോട്ടർമാരുടെ കണക്കുകൾ.