മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷാ വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടായില്ലെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. ഏതെങ്കിലും ഒരു പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന് സർക്കാരിന് നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് സമീപം പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിൽ 35 പേർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസിന്റെയും യുവ മോർച്ചയുടെയും പ്രവർത്തകരാണ് അറസ്റ്റിലായത്.
കൂടാതെ കണ്ണൂരിൽ പൊലീസിന്റെ മുന്നിൽ വച്ച് കെഎസ് യു നേതാവിനെ സിപിഐഎം പ്രവർത്തകർ മർദിച്ച സംഭവം ഉണ്ടായി. പൊലീസ് കസ്റ്റഡിയിലെടുത്ത കെ എസ് യു നേതാവിനാണ് മർദനം ഏറ്റത്. കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിക്ക് അടിയേൽക്കുകയും ചെയ്തു.