ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ റേഡിയോ ആക്ടീവതയുള്ള ടൺ കണക്കിന് വെളളം കടലിലേക്ക് ഒഴുക്കിവിടാനുളള നീക്കത്തിൽ ആശങ്ക തുടരുന്നു. റേഡിയോ ആക്ടീവതയുള്ള 13 ലക്ഷം ടൺ വെള്ളമാണ് തുറന്നുവിടുന്നത്.ഏകദേശം 500 ഒളിമ്പിക് സ്വിമ്മിംഗ് പൂളുകളെ നിറയ്ക്കാൻ സാധിക്കുന്ന ജലശേഖരം നേർപ്പിച്ച് പസഫിസ് സമുദ്രത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനം.
ഫുകുഷിമ ആണവ നിലയം ഡീകമ്മീഷൻ ചെയ്യുന്നതാണ് ഭാഗമായാണ് തീരുമാനം. വിനാശകരമായ ഭൂകമ്പവും 2011ലെ സുനാമിയും ഫുകുഷിമ ആണവ നിലയത്തിൻ്റെ നിലനിൽപ്പിനെ ബാധിച്ചതാണ് പ്രതിസന്ധിയായത്. രണ്ട് വര്‍ഷത്തെ അവലോകനത്തിന് ശേഷം ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ സമിതി അനുമതി നല്‍കിയതോടെയാണ് നീക്കങ്ങൾ. അന്താരാഷ്ട്ര മാനദണ്ഡങ്ങ പാലിച്ചാണ് നീക്കമെങ്കിലും ജനങ്ങൾ ആശങ്കയിലാണ്.
വേനൽ ആരംഭിക്കുന്നതോടെ ക്രമേണ ജലം പുറന്തളളാനാണ് പദ്ധതി. എന്നാൽ വെളളത്തിലെ റേഡിയേഷൻ കടൽ ജീവജാലങ്ങളേയും മനുഷ്യനേയും ബാധിക്കുമോയെന്നാണ് ആശങ്ക. ഉപജീവനം അപകടത്തിലാകുമെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ഭയപ്പെടുന്നു. 2021 ഏപ്രിലിലാണ് ജപ്പാൻ ആണവനിലയത്തിലെ വെള്ളം കടലിലേക്ക് ഒഴുക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്.
ചൈനയും ദക്ഷിണകൊറിയയും അടക്കമുളള രാജ്യങ്ങൾ പദ്ധതിയെ എതിർക്കുന്നുണ്ട്. ജലത്തിലടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായ ട്രിടിയത്തിൻ്റെ അളവ് ഭീഷണിയാണെന്നും വിദഗ്ദ്ധർ പറയുന്നു. എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ച് പുറം തളളുന്ന വെളളത്തിൽനിന്ന് അണുവികിരണൾക്ക് സാധ്യതയില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ സമിതി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ വിലയിരുത്തൽ.
അതേസമയം ആശങ്ക ശക്തമായതോടെ ജനങ്ങൾ ഭക്ഷ്യ വിഭവങ്ങൾ സംഭരിച്ചുതുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ഉപ്പിനും കടൽവിഭവങ്ങൾക്കും സൂപ്പർമാർക്കറ്റുകളിൽ ആവശ്യക്കാരേറി. ഉപ്പിന് കടുത്ത ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നിലെ വില നിയന്ത്രണ നീക്കങ്ങളുമായി സർക്കാരും രംഗത്തുണ്ട്. ജൂണിൽ നടത്തിയ സർവ്വേയിൽ 78 ശതമാനം ജനങ്ങളും ആശങ്കകൾ പങ്കുവെച്ചിരുന്നു.