കുവൈറ്റിൽ തടവുകാർക്ക് ഇ-ബ്രേസ്‌ലറ്റിന് ശുപാർശ ചെയ്ത് മനുഷ്യാവകാശ ബ്യൂറോ. തടവുകാരുടെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുന്ന ഇ-ബ്രേസ്‌ലറ്റിലൂടെ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സാധിക്കും എന്നതിനാലാണ് മനുഷ്യാവകാശ ബ്യൂറോയുടെ പുതിയ ആവശ്യം.
3 വർഷത്തിൽ കുറഞ്ഞ കാലത്തേക്ക് ശിക്ഷിക്കപ്പെടുന്നവരെ ഇ-ബ്രേസ്‌ലറ്റ് ധരിപ്പിച്ച് വീട്ടിൽ തന്നെ ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാൻ സാധിക്കും. ഇത്തരക്കാർക്ക് ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് വീടും പരിസരവും വിട്ട് പുറത്തുപോകാൻ അനുവാദം നൽകുക. പുറത്തു പോകുമ്പോൾ മന്ത്രാലയത്തിൽ വിളിച്ച് പ്രത്യേക അനുമതിയും എടുക്കണമെന്നാണ് നിയമം.
എന്നാൽ തടവിൽ നിന്നും രക്ഷപ്പെടാനോ ബ്രേസ്‌ലറ്റ് ഊരിമാറ്റാനോ നശിപ്പിക്കാനോ പ്രവർത്തനം തടസപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ പുതിയ കേസ് ചുമത്തി ജയിലിലാക്കും. ഇത്തരത്തിൽ വീട്ടിലേക്കയക്കാൻ തടവുകാർ അപേക്ഷിക്കുകയും കുടുംബാംഗങ്ങൾ സമ്മതിക്കുകയും ചെയ്താൽ മാത്രമാണ് ഇത് അധികൃതർ അനുവദിക്കുക. ഇത്തരത്തിലൊരു സംവിധാനത്തിനായാണ് മനുഷ്യാവകാശ ബ്യൂറോ ശുപാർശ ചെയ്തിരിക്കുന്നത്.