ഖത്തറിൽ ഡെലിവറി തൊഴിലാളികൾക്കും ഉച്ചവിശ്രമം നിർബന്ധമാക്കി. രാജ്യത്തെ ഉയർന്ന താപനില കണക്കിലെടുത്താണ് ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും ബാധകമാക്കിയത്. രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെയാണ് നിയന്ത്രണം. സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും.
ജൂൺ ഒന്ന് മുതൽ രാജ്യത്ത് പുറം ജോലികൾക്ക് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. ഈ നിയന്ത്രണമാണ് ഡെലിവറി തൊഴിലാളികൾക്കും ബാധകമാക്കിയത്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണ സമയത്ത് ഇരുചക്ര വാഹനങ്ങൾക്ക് പകരം കാറുകൾ മാത്രമേ ഡെവിലറി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവു എന്നാണ് നിർദേശിച്ചിരിക്കുന്നത്.
നിയന്ത്രണ സമയത്തിന് മുമ്പോ ശേഷമോ ഡെലിവറി തൊഴിലാളികൾ വാഹനം ഓടിക്കുമ്പോൾ നിശ്ചിത വസ്ത്രങ്ങളും ഹെൽമറ്റും നിർബന്ധമായും ധരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണവും ശക്തമാക്കി.