ആരോഗ്യമേഖലയിൽ 2025 ഓടെ 5000 സ്വദേശികൾക്ക് ജോലി നൽകണമെന്ന നിർദേശവുമായി അബുദാബി. ആരോഗ്യരംഗത്ത് കൂടുതൽ സ്വദേശികളെ നിയമിച്ച് സേവനം മെച്ചപ്പെടുത്തി അബുദാബിയെ ആഗോള ആരോഗ്യസംരക്ഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
ആശുപത്രികൾ മുതൽ ക്ലിനിക്കുകൾ വരെയുള്ള എല്ലാ മേഖലകളെയും സ്വദേശിവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തും.
ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽസ്, അഡ്മിനിസ്ട്രേഷൻ, ഐടി, അക്കൗണ്ടിങ്, ഫിനാൻസ്, ലീഗൽ സെക്ടർ, എച്ച്ആർ വിഭാഗങ്ങളിലാണ് 5000 സ്വദേശികളെ നിയമിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ജോലി നഷ്ടമാകാൻ സാധ്യതയുണ്ട്.
സ്വകാര്യമേഖലയിൽ വർഷത്തിൽ 2 ശതമാനം സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന് പുറമേയാണ് ആരോഗ്യമേഖലയിലെ ഈ സ്വദേശിവൽക്കരണം. 2026ഓടെ ആരോഗ്യസ്ഥാപനങ്ങളിൽ 10% സ്വദേശിവൽക്കരണം നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.