ലോക പൊലീസ് ഉച്ചകോടി അവാർഡ് 2024ന് നാമനിർദേശം ക്ഷണിച്ചു. മാർച്ച് അഞ്ച് മുതൽ ഏഴ് വരെ ദുബൈയിൽ നടക്കുന്ന ഉച്ചകോടിയിൽ പത്ത് വിഭാഗങ്ങളിലായാണ് അവാർഡിന് നാമനിർദേശം ക്ഷണിച്ചിരിക്കുന്നത്. ഈ വർഷം മൂന്ന് വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി 10 വിഭാഗങ്ങളിലായാണ് അവാർഡ് പ്രഖ്യാപിക്കുക. നവംബർ രണ്ടാണ് നാമനിർദേശം സ്വീകരിക്കുന്ന അവസാന തീയതി.
വെല്ലുവിളികളെ തരണം ചെയ്ത് ആഗോള, പ്രാദേശിക സമൂഹങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വന്തം സമർപ്പിച്ചവരെ ആദരിക്കുന്നതിനാണ് അവാർഡ് ഏർപ്പെടുത്തിയതെന്ന് എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് അറിയിച്ചു. ക്രിമിനൽ അന്വേഷണ മികവ്, മയക്കുമരുന്ന് വിരുദ്ധ പ്രോഗ്രാം, ഫോറൻസിക് സയൻസ്, നൂതന പൊലീസ് സേന, റോഡ് സുരക്ഷ, മികച്ച പൊലീസ് ആപ് ഓഫ് ദി ഇയർ, കസ്റ്റർമർ സർവ്വീസ്, ഇൻസ്പെയറിങ് ഫീമെയിൽ ഓഫീസർ, പീപിൾ ഓഫ് ഡിറ്റർമിനേഷൻ എക്സലൻസ്, മികച്ച പരോപകാരി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്.
ലോക പൊലീസ് ഉച്ചകോടിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ ലോക രാജ്യങ്ങളിൽ നിന്നായി നൂറിലധികം ഉയർന്ന പൊലീസ് മേധാവികൾ പങ്കെടുക്കും. 109 രാജ്യങ്ങളിൽ നിന്നുള്ള പ്രഭാഷകരും വിദഗ്ധരും 170 പ്രദർശകരും ഉച്ചകോടിയിൽ പങ്കെടുക്കും.