യുഎഇയിലെ താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നുവെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). യുഎഇയിലെ ഞായറാഴ്ച താപനില 50-ഡിഗ്രിക്കടുത്തുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ ഹമീമിൽ 49.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
താപനില ഉയരുന്നതിനനുസരിച്ച്, വേനൽക്കാലത്ത് തലവേദനയും മൈഗ്രേനുകളും വർദ്ധിക്കുന്നതായി യുഎഇ ഡോക്ടർമാർ പറയുന്നു, ഇത് കിടത്തിച്ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ 10-20 ശതമാനം വർദ്ധനവിന് കാരണമാകുന്നുവെന്നും വിദഗ്ദർ പറയുന്നു.
നിർജ്ജലീകരണം, താപനിലയിലെ മാറ്റം, ഭക്ഷണ ട്രിഗറുകൾ, മാറ്റം വരുത്തിയ ദിനചര്യകൾ എന്നിവയെല്ലാം തലവേദനയ്ക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നു.
വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്.
വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം. ചർമ്മരോഗങ്ങളിൽ നിന്നും വിറ്റാമിന്റെ അഭാവത്തിലുള്ള രോഗങ്ങളിൽ നിന്നും രക്ഷനേടാൻ പഴങ്ങൾ കഴിക്കാം.
ഇടനേരങ്ങളിൽ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിർബന്ധമാക്കണം.അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണം.
ഫാസ്റ്റ് ഫുഡുകൾ, പായ്ക്കറ്റ് ആഹാരസാധനങ്ങൾ, കൃത്രിമ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം.എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.