ആസ്തികളും വസ്തുക്കളും ഈട് നൽകിയുള്ള ധനസഹായം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഖത്തർ സെൻട്രൽ ബാങ്ക്. റിയൽ എസ്റ്റേറ്റ് ഫിനാൻസിങ് വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയത്. മൂല്യത്തിന് നൽകാവുന്ന പരമാവധി വായ്പ (എൽടിവി), തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം വരിക. രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന സ്വദേശി ബാങ്കുകൾക്കും അവയുടെ അനുബന്ധ ശാഖകൾക്കും പുതിയ ഭേദഗതി ബാധകമാണ്.
ശമ്പളമുള്ള ഉപഭോക്താക്കൾക്ക് വസ്തു ഈടിന്മേൽ ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാസികളുടെ കടബാധ്യത ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്നതാണ് പുതിയ വ്യവസ്ഥ. പുതിയ ഭേദഗതികൾ പ്രകാരം
നിർമ്മാണം പൂർത്തിയായ അല്ലെങ്കിൽ നിർമ്മാണത്തിലിരിക്കുന്ന റസിഡൻഷ്യൽ ആസ്തികളിന്മേൽ വായ്പയെടുക്കുന്ന വ്യക്തിയുടെ സ്വന്തം സ്രോതസുകൾ, ശമ്പളം അല്ലെങ്കിൽ മറ്റേതെങ്കിലും റിയൽ എസ്റ്റേറ്റ് ഇതര സ്രോതസുകൾ എന്നിവയുമായി തുക തിരിച്ചടക്കുന്നതിനെ ബന്ധിപ്പിച്ചിരിക്കണം. പ്രവാസികളുടെ കാര്യത്തിൽ ഈടു നൽകുന്ന ആസ്തിയുടെ മൂല്യം 60 ലക്ഷം റിയാൽ വരെയാണെങ്കിൽ പരമാവധി എൽടിവി 75 ശതമാനവും തിരിച്ചടവ് കാലാവധി 25 വർഷവുമായിരിക്കും.
നിക്ഷേപ, വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തികൾക്കും കമ്പനികൾക്കും പൂർത്തീകരിച്ച ആസ്തികളിന്മേൽ തിരിച്ചടവ് പ്രധാനമായും റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. പ്രവാസികൾക്ക് 100 കോടി റിയാൽ വരെ മൂല്യമുള്ള ആസ്തികളാണെങ്കിൽ എൽടിവി പരമാവധി 70 ശതമാനവും തിരിച്ചടവ് കാലാവധി 25 വർഷവുമായിരിക്കും. 100 കോടി റിയാലിന് മുകളിലാണെങ്കിൽ എൽടിവി 65 ശതമാനവും തിരിച്ചടവ് കാലാവധി 25 വർഷവുമായിരിക്കും. ഖത്തറിൽ വസ്തു വാങ്ങിയതിനെ തുടർന്ന് സ്ഥിര റസിഡൻസി പെർമിറ്റ് ലഭിച്ചവരാണെങ്കിൽ താമസക്കാർക്ക് അനുവദിച്ചിരിക്കുന്ന അതേ തിരിച്ചടവ് കാലാവധിയിലേക്ക് നീട്ടി ലഭിക്കും.