എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. 15 ദിർഹം നൽകി (ഏകദേശം 337 ഇന്ത്യൻ രൂപ) വിമാനത്തിൽനിന്ന് വാങ്ങിയ ബിരിയാണിയുടെ വിഡിയോ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. പ്ലാസ്റ്റിക് പാത്രത്തിലുള്ള ബിരിയാണി വെള്ളത്തിൽ കലങ്ങിയ നിലയിലായിരുന്നു. ഇത് ന്യായമാണോ എന്ന ചോദ്യമാണ് അഷ്റഫ് താമരശ്ശേരി ഉന്നയിക്കുന്നത്.
അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ് ഇങ്ങനെ
കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നൽകിയാണ് ടിക്കറ്റ് കിട്ടിയത്.
അകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാൽ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്. സഹോദരങ്ങളേ …കണ്ട് നോക്കി നിങ്ങൾ പറയൂ ..ഇത് ന്യായമോ …?അന്യായമോ …?
അഷ്‌റഫ് താമരശ്ശേരിക്കുണ്ടായ ദുരനുഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് ആൻഡ് എയർ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. ‘ഹലോ അഷ്‌റഫ്, താങ്കൾക്കുണ്ടായ നിരാശജനകമായ അനുഭവത്തിൽ ഞങ്ങൾ മാപ്പ് പറയുന്നുവെന്നാണ് അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പിന് താഴെയായി എയർ ഇന്ത്യ കമന്റ് ചെയ്തിരിക്കുന്നത്.