സുഡാനിലെ അഭയാർത്ഥികൾക്ക് കൈത്താങ്ങാകാൻ യുഎഇ. സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ അഭയാർത്ഥികളായവരെ സഹായിക്കുന്നതിനായി അയൽരാജ്യമായ ഛാദിൽ ഫീൽഡ് ആശുപത്രി ആരംഭിച്ചിരിക്കുകയാണ് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശമനുസരിച്ചാണ് നടപടി. കുട്ടികൾ, വയോധികർ, രോഗികൾ, സ്ത്രീകൾ തുടങ്ങിയ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് മെഡിക്കൽ സഹായമെത്തിക്കുന്നതിനാണ് ആശുപത്രി മുൻഗണന നൽകുക.
ഛാദിലെ യുഎഇ അംബാസിഡർ റാഷിദ് സഈദ് അൽ ഷംസി ഫീൽഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു. സുഡാനി ജനതക്ക് യുഎഇ നൽകിവരുന്ന മാനുഷിക സംരക്ഷണങ്ങളുടെയും ആരോഗ്യ-മെഡിക്കൽ സഹായങ്ങളുടെയും ഭാഗമായാണ് നടപടിയെന്നും സുഡാനിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തുടർന്നും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ യുഎഇ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് വകുപ്പ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് ആശുപത്രി സ്ഥാപിച്ചത്. ഇതിനുപുറമെ 2000 ടൺ ഭക്ഷ്യ- മെഡിക്കൽ-അവശ്യവസ്തുക്കൾ യുഎഇ സുഡാനിൽ എത്തിച്ചുനൽകിയിട്ടുണ്ട്.