ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വലിയ വിജയം സൃഷ്ടിച്ചു കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി അവതരിപ്പിച്ചിരിക്കുന്ന ത്രെഡ്‌സില്‍ 70 ദശലക്ഷത്തിലധികം ആളുകളാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. ത്രെഡ്‌സിനെ നെറ്റിസണ്‍സ് വളരെ വേഗം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം നിരവധി സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇരുവരും തമ്മിലുള്ള വാശിയെ മീമുകളായും ട്രോളുകളായും ഏറ്റെടുത്ത് കൊണ്ട് പോസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഡയറി ബ്രാന്റായ അമൂലും ഇവരുടെ മത്സരത്തെ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുകയാണ്. അമുലിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മസ്‌കും സക്കര്‍ബര്‍ഗും എത്തുന്നത്.
ഓരോ സമയത്തെയും ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന ട്രെന്‍ഡിങ് വിഷയങ്ങളെ എപ്പോഴും പരസ്യത്തിനുള്ള വിഷയമാക്കി മാറ്റാറുള്ള അമൂലിന്റെ പുതിയ പരസ്യവും നെറ്റിസണ്‍സ് ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബോക്‌സിങ് താരങ്ങളെ പോലെ ഏറ്റുമുട്ടാന്‍ നില്‍ക്കുന്ന സക്കര്‍ബര്‍ഗിനെയും മസ്‌കിനെയുമാണ് ഗ്രാഫിക്സ് ചിത്രമായി അമുല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘ഇലോണ്‍-ഇ-ജംഗ്’ എന്നും ‘അമൂല്‍-രുചിയുടെ അടയാളം’ എന്നാണ് പരസ്യത്തിന്റെ ക്യാപ്‌ഷൻ നല്‍കിയിട്ടുണ്ട്. ട്വിറ്ററിന്റെ ചിഹ്നമായ നീലക്കിളിയെയും പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണാം.