പുതിയ സിനിമയുടെ ലൊക്കേഷനിൽ ജോലിക്കാരോടൊപ്പം പണി ചെയ്യുന്ന ജാഫർ ഇടുക്കിയുടെ വിഡിയോ പങ്കുവച്ച് നാദിർഷ. വിണ്ണോളം ഉയർന്നാലും മണ്ണ് മറക്കാത്ത താരങ്ങളിൽ ഒരാൾ എന്നാണ് നാദിർഷ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. യൂണിറ്റ് ജോലിക്കാർക്കൊപ്പം താര ജാടയില്ലാതെ പണിയെടുക്കുന്ന ജാഫർ ഇടുക്കിയെയും വിഡിയോയില് കാണാം. കലന്തൂർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച് നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഇതിനോടകം തന്നെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതോടെ ജാഫർ ഇടുക്കിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്.
നാദിർഷ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘സംഭവം നടന്ന രാത്രിയിൽ’. ചിത്രത്തിൽ ജാഫർ ഇടുക്കി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് ചിത്രത്തിലെ നായകൻ. ‘ഞാൻ പ്രകാശൻ’, ‘മകൾ’ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ് ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. റാഫിയാണ് തിരക്കഥ.
‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹിഷം അബ്ദുൽ വഹാബാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകൻ. എഡിറ്റർ-ഷമീർ മുഹമ്മദ്, സന്തോഷ് രാമനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈനർ സപ്ത റെക്കോർഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, സ്റ്റിൽസ് യൂനസ് കുന്തായി, ഡിസൈൻ യെല്ലോടൂത്ത്, പ്രൊജക്റ്റ് ഡിസൈനർ സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, അസോഷ്യേറ്റ് ഡയറക്ടർ വിജീഷ് പിള്ള, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരും നിർവഹിക്കുന്നു.