ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎമ്മിന്റെ നിലപാടിനെയാണ് വിഡി സതീശൻ പരിഹസിച്ചത്.
അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതാണ് ലീഗിന്റെ കാര്യത്തില്‍ സിപിഐഎം നുള്ള നിലപാട്. ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിനാണ് അവ്യക്തതയുള്ളത്. അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു. സിവില്‍ കോഡ് വിഷയത്തില്‍ അഴിമതിക്കാരായ സിപിഐഎമ്മുമായി ചേര്‍ന്ന് സമരത്തിന് കോൺഗ്രസ് ഇല്ലെന്നും സതീശൻ പറഞ്ഞു. നയരേഖ തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറുണ്ടോ എന്നും വിഡി സതീശന്‍ ചോദിച്ചു.
അതേസമയം ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചിട്ടുണ്ട്. സെമിനാർ ഈ മാസം 15ന് കോഴിക്കോട് വച്ചാണ് നടക്കുക. ഏക സിവില്‍ കോഡ് പിന്‍വലിക്കണം. പ്രധാനമന്ത്രിയെ നേരില്‍ കാണുകയും ഏക സിവില്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്യും. മറുപടി അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.