ദി ബാങ്കർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരം മിഡിൽഈസ്റ്റ് മേഖലയിലെ എറ്റവും ശക്തമായ 25 ബാങ്കുകളുടെ പട്ടികയിൽ ഇടം നേടി യുഎഇയിൽ നിന്നുള്ള അഞ്ച് ബാങ്കുകൾ. ഇതിൽ യുഎഇയിലെ മികച്ച ബാങ്കായി ദുബായ് എമിറേറ്റ്സ് എൻബിഡി മാറി. പട്ടികയിൽ നാലാം സ്ഥാനമാണ് എമിറേറ്റ്സ് എൻബിഡിക്ക് ലഭിച്ചത്. ഫസ്റ്റ് അബുദാബി ബാങ്ക് അഞ്ചാം സ്ഥാനത്തും അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ഏഴാം സ്ഥാനത്തും ദുബായ് ഇസ്‌ലാമിക് ബാങ്ക് 14ാം സ്ഥാനത്തും മഷ്‌റഖ് ബാങ്ക് 23ാം സ്ഥാനത്തുമാണ്.
കോവിഡിന് ശേഷമുള്ള തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ യുഎഇയും പ്രാദേശിക ബാങ്കുകളും കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. വായ്പ നൽകുന്നവരുടെ ടയർ 1 മൂലധനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ആഗോളതലത്തിൽ എമിറേറ്റ്സ് എൻബിഡിയും ഫസ്റ്റ് അബുദാബി ബാങ്കും യഥാക്രമം 85, 90 റാങ്കുകളിലുള്ള 100 ശക്തമായ ബാങ്കുകളിൽ ഉൾപ്പെടുന്നുണ്ട്. ശക്തമായ ബാങ്കുകളുടെ പട്ടികയിൽ അബുദാബി കൊമേഴ്‌സ്യൽ ബാങ്കും ദുബായ് ഇസ്‌ലാമിക് ബാങ്കും മഷ്‌റെക്കും യഥാക്രമം 130, 169, 256 സ്ഥാനങ്ങളിലാണ്.
പ്രാദേശികമായി സൗദി നാഷണൽ ബാങ്ക് തുടർച്ചയായ രണ്ടാം തവണയും ഒന്നാമതെത്തി. ഖത്തർ, അൽ രാജ്ഹി ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, റിയാദ്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, ബാങ്ക് ലൂമി, ബാങ്ക് ഹപ്പോലിം, സൗദി ബ്രിട്ടീഷ് ബാങ്ക് എന്നിവ തൊട്ടുപിന്നിൽ.
സൗദി അറേബ്യയിൽ നിന്ന് ഏഴ്, യുഎഇയിൽ നിന്ന് അഞ്ച്, ഖത്തർ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്ന് നാല് വീതം, കുവൈത്തിൽ നിന്ന് രണ്ട്, ഇറാൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ 25 ബാങ്കുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.