യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണം ലഭിച്ചതായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.
ലീഗിനോട് തൊട്ടുകൂടായ്മ ഇല്ല എന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പിഎംഎ സലാം രാഷ്ട്രീയ വേർതിരിവ് ഇല്ലാതെ വിഷയത്തിൽ എല്ലാ കക്ഷികളും ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞു. സെമിനാറിൽ പങ്കെടുക്കണമോ എന്നത് പാർട്ടി യോഗം ചേർന്ന് തീരുമാനിക്കും. സെമിനാർ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനും അനുവദിച്ചുകൂടായെന്നും പിഎംഎ സലാം പറഞ്ഞു.
ലീഗ് യുഡിഎഫിന്റെ ഘടകകക്ഷിയാണ്. ഇത് ഏതെങ്കിലും ഒരു മതത്തിന്റെ വിഷയമല്ല. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടമാകരുത്. അത്തരം നീക്കങ്ങളിൽ മുസ്ലീം ലീഗ് പങ്കാളിയാകരുതെന്ന ചിന്തയുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് അഭിപ്രായമെന്നൂം അദ്ദേഹം വ്യക്തമാക്കി. വ്യക്തി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുക്കാൻ മുൻപുള്ള കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടില്ല. പൗരത്വ നിയമത്തിൽ നടന്ന സമരം സമാധാനപരമായിരുന്നു. എന്നിട്ടും 836 കേസുകളുണ്ടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കേസുകൾ പിൻവലിക്കാമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. രണ്ടു വർഷം കഴിഞ്ഞിട്ടും കേസുകൾ പിൻവലിച്ചിട്ടില്ല. പൊതുവ്യക്തി നിയമത്തിനെതിരെ സമരം ചെയ്താൽ നാളെ കേസുകളുണ്ടാകില്ലെന്ന ഉറപ്പെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.