ചികിത്സകൾ വിഫലമാക്കി ആലപ്പുഴയിൽ അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച 15-കാരൻ മരണത്തിന് കീഴടങ്ങി. 10-ാംക്ലാസ് വിദ്യാർത്ഥിയായ പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്താണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഗുരുദത്ത്. തോട്ടിൽ കുളിക്കുന്നതിനിടെ അമീബ മൂക്കിലൂടെ തലച്ചോറിൽ എത്തിയതിനേത്തുടർന്നുണ്ടായ അണുബാധയാണ് മരണകാരണം. കാർത്തികയാണ് ഗുരുദത്തിന്റെ സഹോദരി.
ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിൽ അമുബാധയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. 2017-ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ബ്രെയിൻ ഈറ്റിങ് അമീബിയ (മെനിഞ്ചോ എങ്കഫലൈറ്റിസ്) എന്ന രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
അപൂർവ്വ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും ശുദ്ധമല്ലാത്ത ജലത്തിൽ മുഖം കഴുകുന്നതും രോഗബാധക്ക് കാരണമാകുമെന്നതിനാൽ അത് പൂർണമായും ഒഴിവാക്കണമെന്നും മഴ തുടങ്ങുമ്പോൾ ഉറവ ഉണ്ടാകുന്ന നീർച്ചാലുകളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും അലപ്പുഴ ഡിഎംഒ അറിയിച്ചു.