ക്യാബിൻ ക്രൂ അംഗങ്ങൾ രാജിവച്ചെന്ന വാർത്തകൾ തള്ളി ആകാശ എയറിന്റെ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ. രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ഈ വർഷാവസാനത്തോടെ ഏകദേശം 3,500 ജീവനക്കാരെന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ആകാശ എയറിലെ ക്യാബിൻ ക്രൂ അംഗങ്ങളുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വസ്തുതാപരമായി തെറ്റും അടിസ്ഥാനരഹിതവുമാണ് വിനയ് ദുബെ കൂട്ടിച്ചേർത്തു.നിലവിൽ 3000 ജീവനക്കാരുള്ള ആകാശ എയർ 2024 ആകുമ്പോഴേക്കും 500 ജീവനക്കാരെ കൂടി ഉൾപ്പെടുത്തും. ഇന്ത്യൻ എയർലൈൻ വ്യവസായത്തിൽ അതിവേഗം വളരുന്ന ശൃംഖലയാണ് ആകാശയുടേതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ആഴ്ചയും 900 ലധികം ഫ്ലൈറ്റ് സർവീസുകളാണ് ആകാശ എയർ നടത്തുന്നത്. 2023 അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാനും ആകാശ പദ്ധയിടുന്നു.
കഴിഞ്ഞ മാസം ആകാശ എയർ നാല് ബോയിംഗ് 737 മാക്സ് ജെറ്റുകൾക്ക് ഓർഡർ നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയിലെ ഏറ്റവും പുതിയ പ്രവേശനവും അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ളതുമായ ആകാശ, 2023 അവസാനത്തോടെ മറ്റൊരു പ്രധാന മൂന്നക്ക വിമാന ഓർഡർ പ്രഖ്യാപിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.