പാകിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ (റിട്ട) പർവേസ് മുഷറഫിന്റെ ആരോഗ്യനില
ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
അതേ സമയം മുഷറഫ് മരണമടഞ്ഞെന്ന വാര്‍ത്തകൾ വ്യാജമാണെന്ന് കുടുംബാംഗങ്ങൾ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ആശുപത്രിയില്‍ കഴിയുകയാണെങ്കിലും വെന്റിലേറ്ററില്‍ അല്ലെന്നാണ് കുടുംബത്തിന്റെ ട്വീറ്റ്. സങ്കീര്‍ണമായ രോഗാവസ്ഥയിലാണെന്നും ദൈനദിന ജീവിതം ദുഷ്കര ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കുടുംബം സൂചിപ്പിച്ചു.
പാക് സൈനികത്തലവനായിരുന്ന പര്‍വേസ് മുഷറഫ് 1999ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് ഭരണം പിടിച്ചെടുത്തത്. 2001മുതല്‍ 2008 വരെ പാക് പ്രസിഡന്റായിരുന്നു. 2007ല്‍ പാക് ഭരണഘടന മരവിപ്പിച്ചതിനെ തുടര്‍ന്ന് 2008ല്‍ രാജി വയ്ക്കുകയും രാജ്യം വിടുകയുമായിരുന്നു. 2013ല്‍ തിരിച്ചെത്തിയെങ്കിലും നവാസ് ഷെരീഫിന്റെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. പിന്നീട് ജയില്‍ മോചിതനായ മുഷറഫ് 2016ല്‍ വീണ്ടും രാജ്യം വിട്ടു.
ഇതിനിടെ ബേനസീര്‍ ഭൂട്ടോ കൊലപാതക കേസില്‍ പിടികിട്ടിപ്പുളളിയായി. 2013ല്‍ നവാസ് ഷെരീഫ് ചുമത്തിയ കേസുകളില്‍ പ്രത്യേക കോടതി 2020ല്‍ മുഷറഫിന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ലാഹോല്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.