വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ പരസ്യം കാണാതിരിക്കാനുള്ള തേഡ് പാർട്ടി ബ്ലോക്കറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പരസ്യങ്ങള്‍ ബ്ലോക്കു ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്നു വിഡിയോ മാത്രമേ ഇനി മുതൽ കാണാൻ സാധിക്കുകയുള്ളു എന്ന സന്ദേശം ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
ബ്രൗസറുകളില്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സന്ദേശം ലഭിച്ചിരിക്കുന്നത്. ആഡ് ബ്ലോക്കര്‍ മാറ്റുകയോ അല്ലെങ്കില്‍ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയോ ചെയ്യണമെന്നാണ് യൂട്യൂബ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇത് അനിവാര്യമാണോയെന്ന ചര്‍ച്ചകളും പലർക്കിടയിലും തുടങ്ങിയിട്ടുണ്ട്.
അതേസമയം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് ഗൂഗിളിന് യൂട്യൂബ് സൗജന്യമായി കാണിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ അത് അനുവദിക്കണം എന്നാണ് ഗൂഗിള്‍ പറയുന്നത്. പരസ്യം കാണേണ്ട എന്നുള്ളവര്‍ മാസവരി അടച്ച് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് കമ്പനി പറയുന്നു. അതേസമയം ഗൂഗിള്‍ ഇപ്പോള്‍ നടത്തുന്നത് ഒരു പരീക്ഷണമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുന്നറിയിപ്പ് നൽകിയതിന് ശേഷവും വിഡിയോ കാണാന്‍ ശ്രമിക്കുന്നവരെ ഗൂഗിള്‍ കുറച്ചു സമയത്തേക്ക് ബ്ലോക്ക് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്.ആഡ് ബ്ലോക്കര്‍ ഉപയോഗിച്ച ആള്‍ക്കും മുന്നറിയിപ്പു ലഭിച്ചു എന്നും പറയപ്പെടുന്നു. പക്ഷേ എങ്ങനെയാണ് യൂട്യൂബ് പ്ലെയറില്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കാന്‍ സാധിച്ചതെന്ന് വ്യക്തമല്ലെന്ന് 9ടു5ഗൂഗിള്‍ പറയുന്നു.