നദീജലം തിരിച്ചുവിട്ട് ആഡംബര വസതിയിൽ കൃത്രിമ തടാകം നിർമ്മിച്ചതിന് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർക്ക് 33 ലക്ഷം യുഎസ് ഡോളർ (ഏകദേശം 27 കോടി രൂപ) പിഴ. ആഡംബരവസതിയിൽ പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ച് കൃത്രിമ തടാകം നിർമ്മിച്ചതിനാണ് പിഴ ചുമത്തിയത്.
റിയോ ഡി ജനീറോയ്ക്ക് പുറത്തുള്ള മാംഗരറ്റിബയിലെ ആഡംബര വസതിയിലാണ് നെയ്മർ 1000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള തടാകം നിർമ്മിച്ചത്. അടുത്തുള്ള നദിയിലെ ജലം വഴിതിരിച്ചുവിട്ടായിരുന്നു തടാകം നിർമ്മാണം. ഇതിന് പുറമെ വസതിക്ക് സമീപത്തായി ചെറിയൊരു ബീച്ചും നിർമ്മിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തടാകത്തിലെ ജലം തിരിച്ചുവിട്ടതിനേത്തുടർന്ന് അധികൃതർ കഴിഞ്ഞ മാസം നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പിന്നീടും നിർമ്മാണം തുടരുകയും പൂർത്തിയാക്കുകയുമായിരുന്നു. തുടർന്ന് വസതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഒന്നിലേറെ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. പണി പൂർത്തിയാക്കിയ ശേഷം തടാകക്കരയിൽ വെച്ച് നെയ്മർ ഒരു വലിയ പാർട്ടിയും നടത്തിയിരുന്നു. സംഭവത്തിൽ നെയ്മർ ഇതുവരെ പ്രതികരിച്ചിട്ടില്ല.