അടുത്ത വർഷം മുതൽ ചെലവ് കുറഞ്ഞ ഹജ് പാക്കേജ് വിപുലീകരിക്കുമെന്ന് സൗദി അറേബ്യ ഹജ്ജ് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീർഥാടകർക്ക് ഈ വർഷം നടപ്പാക്കിയ 3984 റിയാലിന്റെ പദ്ധതി വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം.
സാമ്പത്തിക ശേഷി കുറഞ്ഞ കൂടുതൽ ആളുകൾക്ക് ഹജ് നിർവഹിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വിപുലീകരിക്കുന്നത്. സൗദി ഹജ് സഹ മന്ത്രി അബ്ദുൽ ഫതാഹ് മഷാത് ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഭാവിയിൽ രാജ്യാന്തര തീർഥാടകർക്കും ഇത്തരമൊരു അവസരം ഒരുക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹജ് വേളയിൽ സൗദി അറേബ്യയുടെ സുരക്ഷ കുറ്റമറ്റതായിരുന്നു എന്നും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അറിയിച്ചു. 150 രാജ്യങ്ങളിലെ 18.6 ലക്ഷത്തിലേറെ പേർ ഹജ് നിർവഹിച്ചിരുന്നു. ഇവർക്ക് തീർഥാടനം തടസ്സപ്പെടുകയോ സുരക്ഷയെ ബാധിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ മതിയായ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയതിനാൽ ഹാജിമാർക്കിടയിൽ പകർച്ച വ്യാധികളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത മേഖലകളുടെയും ഏകോപനത്തിലൂടെ തീർഥാടകർക്കു മികച്ച സേവനം നൽകാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.