ഈ വർഷത്തെ ഹജ്ജ് വിജയകരമാക്കിയ സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അഭിനന്ദനപ്രവാഹം. ഹാജിമാർക്ക് മികച്ച സുരക്ഷയും സേവനവും ഉറപ്പാക്കി സുഗമമായി ഹജ്ജ് നിർവഹിക്കാൻ അവസരമൊരുക്കിയതിനാണ് അറബ്, മുസ്ലിം നേതാക്കളും അറബ് പാർലമെന്റും ഭരണാധികാരികളെ അഭിനന്ദിച്ചത്.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ജിസിസി എന്നീ സംഘടനാ ഭാരവാഹികളും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരും സൗദി ഭരണാധികാരികൾക്ക് അഭിനന്ദനം അറിയിച്ചു.
18.65 ലക്ഷം ഹാജിമാരാണ് ഈ വർഷം ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുത്തത്. യാതൊരു തരത്തിലുള്ള അനിഷ്ടസംഭവങ്ങളും ഇല്ലാതെയായിരുന്നു ഈ സീസൺ അവസാനിച്ചത്. ഹാജിമാർക്കുള്ള വിവിധ സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളും വളരെ കൃത്യവും ആധുനികവുമായി ആയിരുന്നു സൗദി ഒരുക്കിയത്.