പുതിയ ഫോണിലേക്ക് പഴയ ഫോണിൽ നിന്ന് ചാറ്റുകൾ എളുപ്പം കൈമാറുന്നതിനുള്ള സംവിധാനവുമായി പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.
വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു. ക്യൂആർ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചാറ്റുകൾ കൈമാറുന്നതിനുള്ള സംവിധാനമാണ് അവതരിപ്പിച്ചത്.
നിലവിൽ ക്ലൗഡ് സ്റ്റോറേജിനെ അടിസ്ഥാനമാക്കി ചാറ്റുകൾ കൈമാറാനുള്ള സംവിധാനമാണുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി എളുപ്പത്തിൽ ചാറ്റുകൾ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ കൈമാറുന്ന വിധം ചുവടെ:
പഴയ ഫോണിനെ പുതിയ ഫോണുമായി വൈ ഫൈ സംവിധാനം ഉപയോഗിച്ച് കണക്ട് ചെയ്യുക. കണക്ഷൻ ദുർബലമല്ല എന്ന് ഉറപ്പാക്കുക.
പഴയ ഫോണിന്റെ വാട്സ്ആപ്പിൽ കയറി സെറ്റിങ്സിലേക്ക് പോകുക
ചാറ്റിൽ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ട്രാൻസ്ഫർ തെരഞ്ഞെടുക്കുക
പിന്നാലെ പഴയ ഫോണിന്റെ സ്ക്രീനിൽ ക്യൂആർ കോഡ് പ്രത്യക്ഷപ്പെടും
പുതിയ ഫോണിൽ വാട്സ്ആപ്പ് തുറന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്യുന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
പുതിയ ഫോൺ ഉപയോഗിച്ച് പഴയ ഫോണിന്റെ ക്യൂആർ കോഡ് സ്കാൻ ചെയ്യുക
നിർദേശങ്ങൾ പാലിച്ച് പെയറിങ് പ്രക്രിയ പൂർത്തിയാക്കി ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യുക
ഈ രീതി സ്വീകരിച്ചാൽ ചാറ്റുകൾ ഡിവൈസിൽ തന്നെ നിൽക്കുന്നത് വഴി സ്വകാര്യത സംരക്ഷിക്കാൻ സാധിക്കും. പുറത്തെ സെർവറുകളിൽ ഡേറ്റ സ്റ്റോർ ചെയ്യുന്ന സാഹചര്യം വരാത്തത് കാരണം ഡേറ്റ ചോർച്ചയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്.