ഫ്രാൻസിലെ കലാപം രൂക്ഷമായതോടെ ഫ്രാൻസിലുള്ള സൗദി പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി സൗദി അറേബ്യ. പൗരന്മാരോട് പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഫ്രഞ്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും പാരീസിലെ സൗദി അറേബ്യൻ എംബസി അഭ്യർത്ഥിച്ചു.
ട്രാഫിക് പരിശോധനക്കിടെ വാഹനം നിർത്താതെ പോയ അൽജീരിയൻ വംശജനായ നിഹാൽ എന്ന 17കാരനായ ഡെലിവറി ബോയ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതിനെത്തുടർന്നാണ് ഫ്രാൻസിൽ കലാപം ഉടലെടുത്തത്. പാരീസിന്റെ ഉൾപ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അതിവേഗം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടർന്ന് അധികൃതർ പല പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തിൽ +33630243383 എന്ന നമ്പരിൽ എംബസിയുമായി ബന്ധപ്പെടാനും പാരിസിലെ സൗദി എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.
അക്രമികൾ 492 കെട്ടിടങ്ങൾ തകർത്തതായും 2,000 ലേറെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായും അടിയന്തര മന്ത്രിസഭ യോഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. 2024 ലെ പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന അക്വാറ്റിക് പരിശീലന കേന്ദ്രവും പരിസരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി.