പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പ്രതി സുഭാഷ് അറസ്റ്റിൽ. വധൂവരൻമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി. ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
ആചാരമെന്ന പേരിൽ വൈറലായ സംഭവം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയും വിവാഹിതരായത്. വിവാഹ ദിനം ഗൃഹപ്രവേശന ചടങ്ങിനിടെയാണ് ആചാരമെന്ന പേരിൽ തലയ്ക്ക് ഇടികിട്ടിയത്. ഇടികിട്ടിയ വേദനയിൽ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.