യുഎഇയിൽ ട്രാഫിക് സിഗ്നൽ ലംഘിച്ച് യുവതിയുടെ മരണത്തിനിടയാക്കിയ സ്വദേശി യുവാവിന്റെ തടവ് ഒരു വർഷത്തേക്ക് ഖോർഫക്കാൻ കോടതി മരവിപ്പിച്ചു. മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും ട്രാഫിക് നിയമ ലംഘനത്തിന് 5000 ദിർഹം പിഴ അടയ്ക്കാനും കോടതി യുവാവിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഖോർഫക്കാനിൽ ആണ് റെഡ് സിഗ്നൽ ലംഘിച്ചെത്തിയ യുവാവ് രണ്ട് സ്ത്രീകളുടെ മേൽ വാഹനം ഇടിച്ചു കയറ്റിയത്. ഇതിൽ ഒരു യുവതി മരണപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഖോർഫക്കാൻ കോടതി അറബ് യുവാവിന് ശിക്ഷ വിധിച്ചത്.
ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയും രണ്ട് ലക്ഷം നഷ്ടപരിഹാരമായും അടയ്ക്കാനാണ് ഖോർഫക്കാൻ അപ്പീൽ കോടതി ഉത്തരവിട്ടിരുന്നത്. അപകടത്തിൽപ്പെട്ട വാഹനം ഇൻഷുറൻസ് ചെയ്ത കമ്പനിയുമായോ വ്യക്തിഗതമായോ സംയുക്തമായോ പിഴ അടയ്ക്കാമെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. ഈ ഉത്തരവിലെ തടവാണ് കോടതി ഒരു വർഷത്തേക്ക് ഇപ്പോൾ മരവിപ്പിച്ചത്.