വിവാദങ്ങൾ ബാക്കിയാക്കി പി വി ശ്രീനിജൻ എംഎൽഎയെ വീണ്ടും എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് എംഎൽഎ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദവിയിൽ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനിൽക്കെയാണ് ഫുട്ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിലേക്ക് ശ്രീനിജൻ എംഎൽഎ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.
കൊച്ചിയിൽ വിദ്യാർത്ഥികൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം തടഞ്ഞ് ഗ്രൗണ്ട് പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് ശ്രീനിജൻ വലിയ പ്രതിഷേധങ്ങൾ നേരിട്ടിരുന്നു. പരിശീലനത്തിന് വിദ്യാർത്ഥികൾ എത്തിയപ്പോൾ അകത്ത് കടക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ട നടപടി സംസ്ഥാന തലത്തിൽ വിവാദമായിരുന്നു. തനിക്ക് ഇതിൽ പങ്കില്ലെന്നാണ് ശ്രീനിജൻ ക്ലബുകളോട് വിശദീകരിച്ചത്. എംഎൽഎ പദവിയും അദ്ധ്യക്ഷ പദവിയും ഒരുമിച്ച് വഹിക്കേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു.
എറണാകുളം ജില്ല സ്പോർട്സ് കൗൺസിലിലേക്ക് ഫുട്ബോൾ അസോസിയേഷന്റെ നോമിനിയായി സ്പോർട്സ് കമന്റേറ്ററായ ഷൈജു ദാമോദരനും തെരഞ്ഞെടുക്കപ്പെട്ടു. ബിജു ചൂളക്കലാണ് അസോസിയേഷൻ സെക്രട്ടറി. ദിനേശ് കമ്മത്ത് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ടു.