അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം സ്വന്തമാക്കി മാധ്യമ പ്രവർത്തകയായ കെ.കെ. ഷാഹിന. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. ഫെർഡിനാന്റ് അയീറ്റേ (ടോഗോ), നിക ഗ്വറാമിയ (ജോർജിയ), മരിയ തെരേസ മൊണ്ടാനോ (മെക്സിക്കോ) എന്നിവർക്കൊപ്പമാണ് ഷാഹിനയേയും പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
നിലവിൽ ഔട്ട് ലുക്ക് മാഗസിനിൽ സീനിയർ എഡിറ്ററാണ് ഷാഹിന. ഏഷ്യാനെറ്റ് ന്യൂസ്, ജനയുഗം, തെഹൽക്ക, ദ ഓപ്പൺ, ദ ഫെഡറൽ തുടങ്ങിയ മാധ്യമങ്ങളിലും ഷാഹിന പ്രവർത്തിച്ചിരുന്നു. മഅദനിക്കെതിരായ കേസിൽ കർണാടക പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ സാക്ഷികൾ വ്യാജസാക്ഷികളാണെന്ന് വെളിപ്പെടുത്തി തെഹൽക്കയിൽ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട് ഷാഹിനക്കെതിരേ യുഎപിഎ കേസെടുത്തിരുന്നു.
ധീരതയോടെ പ്രവർത്തിക്കുന്ന ജേർണലിസ്റ്റുകളെ ആദരിക്കുന്നതിനായി 1996 മുതൽ കമ്മിറ്റി ഫോർ പ്രൊട്ടക്റ്റ് ജേണലിസ്റ്റ് നൽകിവരുന്ന പുരസ്കാരമാണിത്. ഇന്ത്യയിൽനിന്ന് ഇതുവരെ മൂന്ന് മാധ്യമപ്രവർത്തകർക്ക് മാത്രമാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കശ്മീർ ജേണലിസ്റ്റായ യൂസഫ് ജമീൽ (1996), ഛത്തീസ്ഗഢിൽനിന്നുള്ള മാലിനി സുബ്രഹ്മണ്യൻ (2016), ഡൽഹിയിൽനിന്നുള്ള നേഹ ദീക്ഷിത് (2019) എന്നിവർക്കാണ് മുമ്പ് പുരസ്കാരം ലഭിച്ചത്.