സംസ്ഥാന പാഠ്യപദ്ധതിയിൽ സവർക്കറുടെ ജീവചരിത്രം ഉൾപ്പെടുത്താൻ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. വി ഡി സവർക്കറുടെ ജീവചരിത്രം പുതിയ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് തീരുമാനമെടുത്തത്. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമറാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി.
ഇന്ത്യയിലെ യഥാർത്ഥ വിപ്ലവകാരികളെക്കുറിച്ച് മുൻ കോൺഗ്രസ് സർക്കാർ വിദ്യാർത്ഥികളെ പഠിപ്പിക്കാത്തതിനെ വിദ്യാഭ്യാസ മന്ത്രി രൂക്ഷമായി വിമർശിച്ചു. നിലവിലെ ബിജെപി സർക്കാർ യഥാർത്ഥ വീരന്മാരുടെ ജീവചരിത്രം പുതിയ സിലബസിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സവർക്കർ, ഭഗവദ്ഗീതാ സന്ദേശ്, ഭഗത് സിംഗ്, സുഖ്ദേവ്, ഭഗവാൻ പരശുറാം, രാജ്ഗുരു തുടങ്ങിയവരുടെ ജീവചരിത്രമാണ് പുതിയ സിലബസിൽ ഉൾപ്പെടുത്തുക. ജീവിതത്തിൽ രണ്ട് തവണ തടവിലാക്കപ്പെട്ട വിപ്ലവകാരികളിൽ ഒരാളാണ് സവർക്കറെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സവർക്കർ നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടി അദ്ദേഹത്തെ ആദരിക്കണമെന്ന് ഇന്ദർ സിംഗ് പറഞ്ഞു. എന്നാൽ ഈ തീരുമാനം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് പറഞ്ഞു. ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയ സവർക്കറെ സിലബസിൽ ഉൾപ്പെടുത്തിയത് സ്വാതന്ത്ര്യ സമര സേനാനികൾക്ക് അപമാനമാണെന്നും മസൂദ് കൂട്ടിച്ചേർത്തു.